ശ്രീമദ് ഭഗവദ് ഗീത ഏഴാം അദ്ധ്യായത്തിന്റെ മാഹാത്മ്യം


 ഗീതാ മാഹാത്മ്യം

(പദ്മ പുരാണത്തിൽ നിന്നും ഉദ്ധൃതം)


അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം

🔆🔆🔆🔆🔆🔆🔆


ശ്രീമദ് ഭഗവദ് ഗീത ഏഴാം അദ്ധ്യായത്തിന്റെ മാഹാത്മ്യം


🔆🔆🔆🔆🔆🔆🔆




മഹാദേവൻ പറഞ്ഞു, "എന്റെ പ്രിയ പാർവ്വതീ, ഭഗവദ് ഗീതയുടെ ഏഴാം അദ്ധ്യായത്തിന്റെ ദിവ്യ മഹാത്മ്യങ്ങൾ കേട്ടു കൊള്ളുക."


പാടലീപുത്രം എന്ന വലിയ നഗരത്തിൽ ശംഖുകർണ്ണൻ എന്ന ഒരു ബ്രാഹ്മണൻ ജീവിച്ചിരുന്നു. അയാൾ ഒരു നാസ്തികനെ പോലെ,  ശ്രീ കൃഷ്ണ ഭഗവാന്റെ ഭക്തിയുത സേവനത്തിൽ ഏർപ്പെട്ടിരുന്നില്ല. തന്റെ മൺമറഞ്ഞ പിതൃക്കളെ അവരുടെ പാപ പ്രതികരണങ്ങളിൽ നിന്നും മോചിപ്പിക്കുവാനുതകുന്ന യാതൊരു വിധ ധർമ്മാചരണങ്ങളും നിർവഹിക്കുവാൻ അയാൾ തയ്യാറായില്ല.


വാണിജ്യത്തിലൂടെ ഭീമമായ ധനം സമ്പാദിച്ചു കൂട്ടുക  എന്നതിൽ മാത്രമായിരുന്നു ശംഖുകർണ്ണന്റെ മുഖ്യമായ ശ്രദ്ധ. ഈ പ്രയത്നത്തിൽ അദ്ദേഹം അത്ഭുതകരമാം വിധം വിജയം കൈവരിക്കുകയും ചെയ്തു. ഇതു കാരണം മഹാന്മാരായ രാജാക്കന്മാർ പോലും അദ്ദേഹത്തിന്റെ ആഡംബര ഗൃഹത്തിൽ അതിഥികളായി വന്ന് വിരുന്ന് ഉണ്ണുമായിരുന്നു. ഇത്രയും വലിയ സമ്പത്തുണ്ടായിട്ടും അത്യാഗ്രഹം കാരണം, ശംഖുകർണ്ണൻ പിശുക്കന്മാരിൽ തന്നെ ഏറ്റവും നികൃഷ്ടനായ വ്യക്തിയായി മാറി, അദ്ദേഹം തന്റെ സമ്പാദ്യമെല്ലാം അനാവശ്യമായി ഭൂമിക്കടിയിൽ പൂഴ്ത്തിവച്ചു, ആ സ്ഥലത്തെ കുറിച്ച് അദ്ദേഹത്തിനു മാത്രമേ അറിയുമായിരുന്നുള്ളൂ.


സ്വന്തം കുടുംബത്തിൽ പോലും അയാൾ തൃപ്തനായിരുന്നില്ല. മൂന്നു ഭാര്യമാരും അവരിൽ പുത്രന്മാരും ഉണ്ടായിരുന്നെങ്കിൽ പോലും അയാൾ വീണ്ടും വിവാഹം കഴിക്കുവാൻ തീരുമാനിച്ചു. അങ്ങനെ നാലാമതൊരു കല്യാണം കഴിക്കുവാനായി അയാൾ തന്റെ ബന്ധുക്കളുടെ കൂടെ മറ്റൊരു പട്ടണത്തിലേക്ക് പോയി. അങ്ങനെ അവർ വഴിയിൽ വിശ്രമിക്കുവാൻ തീരുമാനിച്ചു. എന്നാൽ നിദ്രാ വേളയിൽ അയാൾക്ക് ഒരു വിഷസർപ്പത്തിന്റെ മാരക ദംഷ്ട്രനം ഏൽക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ മക്കളും, ബന്ധുക്കളും മരുന്നു കൊണ്ടും മന്ത്രം കൊണ്ടും രക്ഷിക്കുവാൻ ശ്രമിച്ചെങ്കിലും എല്ലാം വിഫലമായിപ്പോയി. 

അടുത്ത ജന്മത്തിൽ ശംഖുകർണ്ണൻ ഒരു പ്രേത സർപ്പമായി മാറി. അദ്ദേഹത്തിന് തന്റെ പൂർവ്വജന്മ സ്‌മൃതി ലഭിച്ചതിനാൽ, അയാൾ നേരെ തന്റെ സമ്പാദ്യം പൂഴ്ത്തി വച്ച സ്ഥലത്തേക്ക് യാത്രയായി. സ്വാഭാവികമായും  അയാളുടെ പൂർവ്വ ജന്മത്തിലെ കുടുംബം വസിച്ചിരുന്നതിന്റെ സമീപത്തു തന്നെയായിരുന്നു ഈ സ്ഥലം . കുറച്ചു കാലത്തോളം  അദ്ദേഹം തന്റെ സമ്പാദ്യം സംരക്ഷിക്കുന്നതിൽ സംതൃപ്തി കണ്ടെത്തി. എന്നാൽ പെട്ടെന്നു തന്നെ  തന്റെ  പ്രേതസർപ്പത്തിന്റെ രൂപത്തിലുള്ള ഈ ജീവിതത്തിൽ അദ്ദേഹം നിരാശനായി മാറി. അങ്ങനെ അയാൾ തന്റെ മക്കളുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുകയും അവരോട് സഹായത്തിനായി അപേക്ഷിക്കുകയും ചെയ്തു. അദ്ദേഹം അവരോട് പറഞ്ഞു, "ഞാൻ നിങ്ങളുടെ ദിവംഗതനായ പിതാവാണ്, ഇപ്പോൾ പ്രേത സർപ്പത്തിന്റെ ജീവിതം നയിച്ചുകൊണ്ട്  ബൃഹത്തായ ഒരു നിധി ശേഖരം കാത്തുകൊണ്ടിരിക്കുകയാണ്.    നിങ്ങൾക്ക് അത്  പങ്കു വച്ചു തരുവാൻ ഞാനാഗ്രഹിക്കുന്നു." അതിനു ശേഷം നിധി എവിടെയാണെന്ന് അയാൾ അവർക്ക് പറഞ്ഞു കൊടുത്തു


അടുത്ത ദിവസം രാവിലെ എല്ലാ പുത്രന്മാരും തങ്ങൾക്കുണ്ടായ സ്വപ്നത്തെക്കുറിച്ച് പരസ്പരം സംസാരിച്ചു. അവരിൽ ഒരു പുത്രൻ,  ശിവൻ തങ്ങൾക്കുണ്ടായ സ്വപ്നം യാദൃശ്ചികമായി സംഭവിച്ചതല്ല എന്ന് സംശയിച്ചു, ശിവൻ അച്ഛനെ പോലെ തന്നെ ധനത്തോട് അത്യാഗ്രഹമുള്ള വ്യക്തിയായിരുന്നു. അയാൾ തിടുക്കത്തോടെ ഒരു മൺവെട്ടിയെടുത്തുകൊണ്ട് സ്വപ്നത്തിൽ വിവരിച്ച സ്ഥലത്തേക്ക് പോയി, പാമ്പിൻ മാളം ഉണ്ടായിട്ടും അവിടെ കുഴിക്കുവാൻ തുടങ്ങി. അതേ സമയം അവിടെ ഉറങ്ങി കിടക്കുകയായിരുന്ന പ്രേത സർപ്പം ഭയ ചകിതനായി ഞെട്ടിയുണർന്നു. 


ആ പ്രേത സർപ്പം പുറത്തു വന്ന ശേഷം  ഭയപ്പെടുത്തുന്ന വിധത്തിൽ ഉച്ചത്തിൽ ചീറ്റിക്കൊണ്ട് തന്റെ പത്തി  ആട്ടുവാൻ തുടങ്ങി. "ഹേ പമ്പര വിഡ്ഡീ? നിനക്ക് എങ്ങനെ ധൈര്യം വന്നു എന്നെ ശല്യപ്പെടുത്തുവാൻ? നീ ആരാണ്? എന്താണ് നിന്റെ ഉദ്ദേശ്യം? ആരാണ് നിന്നെ പറഞ്ഞയച്ചത്? ഉത്തരം പറയൂ". ആ സന്ദർഭം മനസ്സിലാക്കിയ ശിവൻ ഉടനെ മറുപടി പറഞ്ഞു. "ഞാൻ അങ്ങയുടെ പുത്രനാണ്, ശിവൻ, കഴിഞ്ഞ രാത്രി അങ്ങ് എന്റെ സ്വപ്നത്തിൽ വന്നുകൊണ്ട് ഈ നിധി ശേഖരിക്കുവാൻ പറഞ്ഞിരുന്നു."


ഈ മറുപടിയിൽ സംപ്രീതനായ പ്രേത സർപ്പം ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. "അതെ, പക്ഷെ നീ ഒരു കാര്യം മറന്നിരിക്കുന്നു. നീ എന്റെ മകൻ തന്നെയാണെങ്കിൽ എന്തുകൊണ്ട് ഈ സർപ്പ രൂപത്തിൽ നിന്നും എനിക്ക് മോചനം ലഭിക്കുവാനാവശ്യമായ അനുഷ്‌ഠാനങ്ങൾ നിർവഹിക്കാതിരിക്കുന്നു ? അത്യാഗ്രഹത്താൽ മാത്രമാണ് എനിക്ക് ഇങ്ങനെയൊരു ശാപമേൽക്കേണ്ടി വന്നത്. എന്റെ വിധി തന്നെ നിനക്കും വന്നു ചേരണം എന്നാണോ നീ ആഗ്രഹിക്കുന്നത്?" 


ഈ ചോദ്യത്തിനു മറുപടിയായി അജ്ഞനായ ആ മകൻ വിനയത്തോടെ തന്റെ പിതാവിനോട് ആരാഞ്ഞു, "ഞാൻ എന്താണ് ചെയ്യേണ്ടത്?"


പ്രേത സർപ്പം മറുപടി പറഞ്ഞു, "എന്റെ പ്രിയ പുത്രാ, യാതൊരു വിധത്തിലുള്ള ദാനമോ, തപസ്സോ, യജ്ഞമോ എനിക്ക് പൂർണ്ണ സന്തോഷമോ സ്വാതന്ത്ര്യമോ നൽകുന്നില്ല. ഭഗവദ് ഗീതയുടെ ഏഴാം അദ്ധ്യായം പാരായണം ചെയ്യുന്നതിലൂടെ മാത്രമേ ഞാൻ ജനന മരണ ചക്രങ്ങളിൽ നിന്നും മോചിതനാവുകയുള്ളൂ. അതിനാൽ ഈ അദ്ധ്യായം അറിയാവുന്ന ഒരു പരിശുദ്ധനായ ബ്രാഹ്മണനെ കണ്ടെത്തുക, മാത്രമല്ല ശ്രാദ്ധ കർമ്മങ്ങൾ നടത്തുമ്പോൾ അദ്ദേഹത്തെ നല്ല രീതിയിൽ ഊട്ടുക. ശ്രാദ്ധ കർമ്മങ്ങൾ എന്റെ പാപങ്ങൾ ഇല്ലാതാക്കും, പക്ഷെ ഭഗവദ് ഗീതയുടെ ഏഴാം അദ്ധ്യായം എനിക്ക് വൈകുണ്ഡത്തിലേക്കുള്ള പ്രവേശന കവാടം തുറന്നു തരുന്നു. അതിനാൽ ദയവായി എനിക്കായി നീ ഇതു ചെയ്യുക". 


അച്ഛനെ പ്രീതിപ്പെടുത്തുവാനുള്ള ആഗ്രഹത്താൽ ശിവനും സഹോദരങ്ങളും ശ്രാദ്ധ കർമ്മങ്ങൾ നിർവഹിക്കുകയും, അതേ സമയം തന്നെ ഒരു യോഗ്യനായ ബ്രാഹ്മണൻ ഭഗവദ് ഗീതയുടെ ഏഴാം അദ്ധ്യായം പാരായണം ചെയ്യുകയും ചെയ്തു. ആ ശ്ലോകങ്ങളുടെ ശക്തിയാൽ ശംഖുകർണ്ണൻ പ്രേത സർപ്പത്തിന്റെ ശരീരത്തിൽ നിന്നും മോചിതനായി ചതുർഭുജനായ ആദ്ധ്യാത്മിക ശരീരം നേടി(സാരൂപ്യ മുക്തി). ശേഷം തന്റെ പുത്രന്മാരെ അനുഗ്രഹിച്ചു കൊണ്ട് ആദ്ധ്യാത്മിക ലോകത്തിലേക്ക് യാത്രയായി.


അനുഗ്രഹീതരായ പുത്രന്മാർക്ക് ഭഗവാൻ ശ്രീ കൃഷ്ണനിൽ ഭക്തി ജനിക്കുകയും, അവരുടെ ധനത്താൽ ക്ഷേത്രങ്ങൾ നിർമ്മിക്കുകയും, പ്രസാദ വിതരണം നടത്തുകയും, കിണറുകൾ നിർമിച്ചു നൽകുകയും ചെയ്തു. അവർ ദിവസേന ഭഗവദ് ഗീതയിലെ ഏഴാം അദ്ധ്യായം പാരായണം ചെയ്തു. അവസാനം അവരും തങ്ങളുടെ പിതാവിനെ പോലെ തന്നെ വൈകുണ്ഡം പൂകി.


മഹാദേവൻ ഉപസംഹരിച്ചു. "എന്റെ പ്രിയ പാർവ്വതീ, ആരാണോ ഈ വർണ്ണനം കേൾക്കുന്നത് അവർ എല്ലാ പാപ കർമ്മങ്ങളിൽ നിന്നും മോചിതരാകുന്നു".


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆


https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF

വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆

www.suddhabhaktimalayalam.com

Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more