ക്രോധം



നിങ്ങളുടെ പ്രശ്നങ്ങൾക്ക് 

ഭഗവദ്ഗീതയിൽ നിന്ന് ശാശ്വതമായ പരിഹാരം

 

ക്രോധം

***********************************

 ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം 

അദ്ധ്യായം പതിനാറ് / ശ്ലോകങ്ങള്‍ 1-3

*************************************************


 ശ്രീ ഭഗവാനുവാച

അഭയം സത്ത്വസംശുദ്ധിർ ജ്ഞാനയോഗവ്യവസ്ഥിതിഃ

ദാനം ദമശ്ച യജ്ഞശ്ച സ്വാധ്യായസ്തപ ആർജവം


അഹിംസാ സത്യമക്രോധസ്‌ത്യാഗഃ ശാന്തിരപൈശുനം

ദയാ ഭൂതേഷ്വലോലുപ്ത്വം മാർദവം ഹ്രീരചാപലം


തേജഃ ക്ഷമാ ധൃതിഃ ശൗചമദ്രോഹോ നാതിമാനിതാ

ഭവന്തി സമ്പദം ദൈവീമഭിജാതസ്യ ഭാരത


    ശ്രീ ഭഗവാനുവാച - ശ്രീ ഭഗവാൻ പറഞ്ഞു; അഭയം - ഭയരാഹിത്യം (ഭയമില്ലായ്മ); സത്ത്വസംശുദ്ധിഃ - ജീവിതശുദ്ധി; ജ്ഞാനയോഗവ്യവസ്ഥിതി - ജ്ഞാനയോഗത്തിൽ നിഷ്ഠ; ദാനം - ദാനം; ദമഃ - മനോനിയന്ത്രണം; യജ്ഞ ചേ - യജ്ഞവും; സ്വാധ്യായ – ശാസ്ത്രാധ്യയനം (വേദ പഠനം); തപഃ – തപസ്സ്; ആർജവം – ലാളിത്യം; അഹിംസാ – അഹിംസ; സത്യം - സത്യം; അക്രോധഃ - ക്രോധരാഹിത്യം (കോപമില്ലായ്മ); ത്യാഗഃ - ത്യാഗശീലം; ശാന്തിഃ – ശാന്തി; അപൈശുനം - പരനിന്ദാവർജ്ജനം; ഭൂതേഷു - ജീവികളിൽ; ദയാ – ദയ; അലോലുപ്ത്വം - ദുരാഗ്രഹമില്ലായ്മ; മാർദവം - മൃദുലത; ഹ്രീ - (അകാര്യപ്രവൃത്തിയിൽ) ലജ്ജ; അചാപലം - ചാപല്യഹീനത (സ്ഥിരത); തേജഃ - തേജസ്സ് (ശക്തി); ക്ഷമാ – ക്ഷമ; ധൃതിഃ – ധൈര്യം : ശൗചം - വിശുദ്ധി; അദ്രോഹഃ - ദ്രോഹമില്ലായ്മ; ന അതിമാനിതാ - തന്നെ എല്ലാവരും മാനിക്കണമെന്ന വിചാരമില്ലായ്മ; ഭാരത - ഹേ ഭാരതാ; (ഏതാനി) - ഇവയെല്ലാം; ദൈവീം സമ്പദം – ദൈവികഗുണത്തോടെ; അഭിജാതസ്യ  - ജനിച്ചവന്; ഭവന്തി - ഭവിക്കുന്നു.


     പരമദിവ്യോത്തമപുരുഷൻ പറഞ്ഞു : ഹേ ഭാരതാ, നിർഭയത, അസ്ഥിത്വത്തിന്റെ ശുദ്ധി, ആദ്ധ്യാത്മികജ്ഞാനനിഷ്ഠ, ദാനം, ആത്മനിയന്ത്രണം, യജ്ഞം, വേദപഠനം, തപസ്സ്,  ലാളിത്യം, അഹിംസ, സത്യം, ക്രോധമില്ലായ്മ, ത്യാഗം, ശാന്തി, പരദൂഷണത്തിൽ വെറുപ്പ്, സർവ്വജീവികളോടും കാരുണ്യം, ലോഭമില്ലായ്മ, മൃദുല സ്വഭാവം, വിനയം, സ്ഥിര നിശ്ചയം, തേജസ്സ്, ക്ഷമ, ധൈര്യം, ശൗചം, അസുയാരാഹിത്യം, ബഹു മതിക്കുള്ള വാഞ്ഞ്ഛയില്ലായ്മ, ഇതെല്ലാം ദിവ്യപ്രകൃതിയാൽ അനുഗ്രഹീതരായ ദൈവികതയുള്ളവർക്കുള്ള ഗുണങ്ങളാണ്.


    പതിനഞ്ചാമദ്ധ്യായത്തിന്റെ ആരംഭത്തിൽ ഈ ഭൗതികപ്രപഞ്ചമാകുന്ന അരയാൽ വൃക്ഷത്തെപ്പറ്റി വിവരിച്ചുവല്ലോ. അവിടെ ജീവാത്മാക്കളുടെ പുണ്യ പാപകർമ്മങ്ങളെ ആ അരയാൽ വൃക്ഷത്തിന്റെ വേരുകളെന്ന് പറഞ്ഞു. ഒമ്പതാം അദ്ധ്യായത്തിലും ദേവന്മാരേയും നിരീശ്വരരായ അസുരന്മാരേയുംകുറിച്ച് വിവരിക്കുന്നു. വൈദികസിദ്ധാന്ത പ്രകാരം സാത്വികകർമ്മങ്ങൾ മോക്ഷപന്ഥാവിലൂടെയുള്ള മുന്നേറ്റത്തെ സഹായിക്കുന്നതിനാൽ അവ ദൈവികപ്രകൃതിയുള്ളവ എന്നറിയപ്പെടുന്നു. ആദ്ധ്യാത്മിക സ്വഭാവമുള്ളവർ അഥവാ ദിവ്യപ്രകൃതിയിൽ സ്ഥിതിചെയ്തതുപോരുന്നവർ മുക്തിമാർഗ്ഗത്തിൽ മുന്നോട്ട് നീങ്ങുന്നു. രജസ്തമോഗുണങ്ങളുടെ പ്രേരണയ്ക്കടിപ്പെട്ട പ്രവർത്തിക്കുന്നവർക്കാകട്ടെ, മുക്തി നേടാനാവില്ല. ഭൗതികപ്രപഞ്ചത്തിൽ ഒന്നുകിൽ മനുഷ്യരായിത്തന്നെ അവർ ജീവിതം നയിക്കും, അല്ലെങ്കിൽ മൃഗങ്ങളായോ അതിലും താഴെയുള്ള ജീവികളായോ പിറന്നുവെന്നും വരാം. ദൈവിക പ്രകൃതിയേയും അതിനനുയോജ്യങ്ങളായ സ്വഭാവവിശേഷങ്ങളേയും അതോടൊപ്പം ആസുരപ്രകൃതിയേയും തത്സ്വഭാവങ്ങളേയും അവയുടെ നേട്ടങ്ങളേയും കോട്ടങ്ങളേയും ഈ പതിനാറാം അദ്ധ്യായത്തിൽ വിവരിക്കുന്നു.


   ദിവ്യഗുണജാതരായവരെപ്പറ്റി അഥവാ ദൈവികപ്രവണതയുള്ള വരെപ്പറ്റി പറയുമ്പോൾ അഭിജാത്യ എന്ന പദമുപയോഗിച്ചത് ശ്രദ്ധേയമാണ്. ദൈവികതയാർന്ന ചുറ്റുപാടുകളിൽ സന്താനോത്പാദനം നടത്തുന്നതിനെയാണ് വൈദികഗ്രന്ഥങ്ങൾ ഗർഭാധാനസംസ്കാരമെന്ന് പറയുന്നത്. ദൈവികഗുണങ്ങളോടു കൂടിയ പുത്രൻ ജനിക്കണമെങ്കിൽ അച്ഛനമ്മമാർ മനുഷ്യൻ സാമൂഹിക ജീവിതത്തിൽ അനുഷ്ഠിക്കേണ്ടുന്ന പത്ത് നിയമങ്ങളനുസരിച്ചിരിക്കണം. മുമ്പുതന്നെ ഭഗവദ്ഗീതയിൽ നിന്ന് നമ്മൾ പഠിച്ചിട്ടുണ്ട്, സത്സന്താനലാഭത്തിനായുള്ള ലൈംഗിക ജീവിതം കൃഷ്ണൻ തന്നെ എന്ന്. കൃഷ്ണാവബോധപൂർവ്വമനുഷ്ഠിക്കപ്പെട്ടാൽ ഈ പ്രക്രിയ നിഷിദ്ധമല്ല. കൃഷ്ണാവബോധമുള്ളവരെങ്കിലും പൂച്ചകളും നായ്ക്കുളും ചെയ്യുന്നതുപോലെ കുട്ടികളെ ഉത്പാദിപ്പിക്കാതിരിക്കട്ടെ. മക്കൾക്ക് ജനനശേഷം കൃഷ്ണാവബോധമുദിക്കത്തക്കവിധത്തിലായിരിക്കണം അവരുടെ സംയോഗം. കൃഷ്ണാവബോധത്തിൽ മുഴുകിയ മാതാപിതാക്കന്മാരുടെ സന്താനങ്ങൾക്ക് ഈ നേട്ടമുണ്ടാകണം.


   ഈ വിഭജനം മനുഷ്യസമൂഹത്തെ ജന്മാടിസ്ഥാനത്തിൽ തരം തിരിക്കാനുദ്ദേശിച്ചുള്ളതല്ല. വിദ്യാഭ്യാസയോഗ്യതയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വിഭജനം. വർണ്ണാശ്രമ വ്യവസ്ഥയുടെ ഉദ്ദേശ്യം സമൂഹത്തിൽ ശാന്തിയും ഐശ്വര്യവും നിലനിർത്തുകയത്രേ. മുമ്പ് പ്രസ്താവിച്ചവയാണ് ദൈവികഗുണങ്ങൾ, അവ ഭൗതികലോകത്തിൽ നിന്ന് മുക്തി നൽകത്തക്കവണ്ണം ആദ്ധ്യാത്മികജ്ഞാനത്തെ വളർത്തിയെടുക്കുന്നു.


    വർണ്ണാശ്രമ വ്യവസ്ഥപ്രകാരം സമൂഹത്തിലെ സകല വിഭാഗങ്ങളുടേയും തലവൻ അഥവാ ആദ്ധ്യാത്മികഗുരുവാണ് സന്ന്യാസി. ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നിങ്ങനെ വിളിക്കപ്പെടുന്ന സമൂഹത്തിന്റെ മറ്റ് മൂന്നു വിഭാഗങ്ങളുടേയും ആദ്ധ്യാത്മികഗുരുവായി കരുതപ്പെടുന്നു. ബ്രാഹ്മണൻ. സർവ്വോത്കൃഷ്ടനായ സന്ന്യാസിയാകട്ടെ, ബ്രാഹ്മണരുടേയും ആദ്ധ്യാത്മികഗുരുവാണ്. സന്ന്യാസിക്ക് ആദ്യമായുണ്ടാകേണ്ടുന്ന ഗുണം നിർഭയതയാണ്. അദ്ദേഹം ഏകനാണ്, നിരാശ്രയനാണ്. ആരിൽനിന്നും സഹായം പ്രതീക്ഷിക്കാതെ പരമപുരുഷോത്തമന്റെ കാരുണ്യത്തെ മാത്രം അയാൾ ആശ്രയിക്കണം. ബന്ധുക്കളെയെല്ലാം ത്യജിച്ചുപോയാൽപ്പിന്നെ ആരുണ്ട് രക്ഷിക്കാൻ? എന്ന് സംശയിക്കുന്ന ഒരാൾ സന്ന്യാസം സ്വീകരിച്ചുകൂടാ. ശ്രീകൃഷ്ണ ഭഗവാൻ- പരമാത്മസ്വരൂപിയായി തന്റെ ഹൃദയത്തിലുണ്ടെന്നും അദ്ദേഹം തന്റെ പ്രവൃത്തികൾക്ക് സാക്ഷിയും, ഉദ്ദേശ്യങ്ങൾ അറിയുന്നവനുമാണെന്നും സന്ന്യാസിക്കു ദൃഢവിശ്വാസമുണ്ടാവണം. പരമാത്മരൂപിയായ കൃഷ്ണൻ തനിക്ക് സ്വയം അർപ്പണംചെയ്ത ഒരാത്മാവിനെ രക്ഷിക്കും; താൻ ഒരിക്കലും ഒറ്റപ്പെടുകയില്ല. വനാന്തരങ്ങളിൽ കൊടും കൂരിരുട്ടിലും കൃഷ്ണൻ എന്നോടൊപ്പമുണ്ടാവും; എന്നെ കൈവിടില്ല, എന്ന് അയാൾക്ക് ബോദ്ധ്യമാവണം. ഈ ദൃഢവിശ്വാസമാണ് 'അഭയം' എന്ന ഗുണം. സന്ന്യാസിക്ക് ഇത് കൂടിയേ കഴിയു.


    അയാൾ സ്വജീവിതത്തെ ശുദ്ധീകരിക്കണം. സന്ന്യാസിക്കനുസരിക്കേണ്ട നിയമനിബന്ധനകൾ പലതുണ്ട്. ഏറ്റവും പ്രധാനമായത് സ്ത്രീകളുമായി അടുത്തുബന്ധം പാടില്ല എന്നതു തന്നെ. വിജനസ്ഥലത്തുവെച്ച് ഒരു സ്ത്രീയോടു സംസാരിക്കുന്നതിൽ നിന്നുപോലും സംന്യാസി വിലക്കപ്പെട്ടിരിക്കുകയാണ്. ചൈതന്യ മഹാപ്രഭു ഒരു ആദർശ സന്ന്യാസിയായിരുന്നു. അദ്ദേഹം പുരിയിൽ താമസിച്ച കാലത്ത് ഭക്തകളായ സ്ത്രീകൾ അടുത്ത് വന്ന് വന്ദിക്കുന്നതുപോലും വിലക്കിയിരുന്നു. അവർക്ക് ദൂരെ നിന്ന് പ്രണമിക്കുക മാത്രംചെയ്യാം. സ്ത്രീവർഗ്ഗത്തോടുള്ള വിരോധമായി ഇതിനെ കണക്കാക്കിക്കൂടാ. സ്ത്രീകളുമായി അടുത്തിടപഴകാൻ പാടില്ല എന്ന കർക്കശനിയമം സന്ന്യാസികൾ അനുഷ്ഠിക്കേണ്ടതാണ്. ഒരാൾ തന്റെ നിലനിൽപിനെ ശുദ്ധീകരിക്കുന്നതിന് ജീവിതത്തിലെ ഓരോ ആശ്രമത്തിലും അതാതിനുദ്ദിഷ്ഠങ്ങളായ നിയമനിബന്ധനകൾ കർശനമായി അനുഷ്ഠിക്കേണ്ടതാണ്. മാതൃകാസന്ന്യാസിക്ക് സ്ത്രീസംസർഗ്ഗവും വിഷയഭോഗേച്ഛ നിറവേറ്റാനായുള്ള ധനാർജ്ജനവും വിലക്കപ്പെട്ടവയാണ്. ഒരു സന്ന്യാസിയായ ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ ജീവിതത്തിൽ നിന്നറിയാം സ്ത്രതീകളുടെ കാര്യത്തിൽ അദ്ദേഹം എത്ര കർക്കശമായ നിഷ്ഠ പുലർത്തിപ്പോന്നുവെന്ന്. അത്യുദാരനായ ഒരു അവതാരപുരുഷനാണദ്ദേഹം. അങ്ങേയറ്റം അധഃപതിച്ചുപോയ ബദ്ധജീവാത്മാക്കളേയും അദ്ദേഹം സ്വീകരിക്കുമായിരുന്നു. എന്നാലും സ്ത്രീസംഗത്തെ സംബന്ധിച്ചിടത്തോളം സന്ന്യാസാശ്രമികൾക്ക് വിധിക്കപ്പെട്ട നിബന്ധനകളെ പിഴയ്ക്കാതെ അനുസരിച്ചിരുന്നു. തന്റെ സഹചാരികളിൽ ഒരാളായ ഛോട്ടാ ഹരിദാസൻ വിശ്വസ്തരായ മറ്റുള്ളവരോടൊപ്പം ചൈതന്യ മഹാപ്രഭുവുമായി ഇടപഴകിയിരുന്നു. എന്നാൽ ഒരു യുവതിയെ കാമാസക്തിയോടെ നോക്കിപ്പോയതിന് അയാളെ സന്തതസഹചാരികളുടെ സംഘത്തിൽ നിന്ന് അദ്ദേഹം ഉടനെ ബഹിഷ്കരിക്കുകയുണ്ടായി. ശ്രീ ചൈതന്യ മഹാപ്രഭു പറഞ്ഞു, "സന്ന്യാസിയായാലും അല്ലെങ്കിലും ഭൗതികപ്രകൃതിയുടെ കെട്ടുപാടുകളിൽ നിന്ന് മോചനം നേടി ആദ്ധ്യാത്മികപ്രകൃതിയിലേയ്ക്ക്- ഭഗവദ്ധാമത്തിലേയ്ക്ക് തിരിച്ചെത്താൻ ഉത്കണ്ഠയുള്ള ഒരാൾക്ക് ഇന്ദ്രിയസുഖത്തിനുവേണ്ടി സ്ത്രീകളുടേയോ ഭൗതികവിഭവങ്ങളുടേയോ നേർക്ക് നോക്കുന്നതുപോലും - ഇവയുടെ ഭോഗമല്ല, അവയെ ആർത്തിയോടെ നോക്കുന്നതു കൂടി നിഷിദ്ധമാണ്, അത്തരം വിലക്കപ്പെട്ട വാസനകളെ പുലർത്തുന്നതിനേക്കാൾ ആത്മഹത്യയായിരിക്കും അവർക്കു നല്ലത്. ഇതാണ് വിശുദ്ധീകരണപ്രക്രിയ.


     ഇനി ജ്ഞാനയോഗവ്യവസ്ഥിതിയെപ്പറ്റി പറയാം. ജ്ഞാനം വളർത്തിയെടുക്കലാണിത്. ആത്മീയപുരോഗതിക്കുള്ളതാണ് ശരിയായ ജീവിതമെന്നത് മറന്നുപോയ ഗൃഹസ്ഥന്മാർക്കും മറ്റും ജ്ഞാനം പകർന്നുകൊടുക്കുകയാണ് സന്ന്യാസജീവിതത്തിന്റെ ഉദ്ദേശ്യം. ഒരു സന്ന്യാസി തന്റെ ജീവസന്ധാരണത്തിന് ഭിക്ഷ തേടി വീടുതോറും കയറിയിറങ്ങേണ്ടതാണ്. എന്നാൽ അതുകൊണ്ട് അയാൾ വെറും പിച്ചക്കാരനാണെന്നർത്ഥമാവുന്നില്ല. ആദ്ധ്യാത്മികാവസ്ഥയിലുള്ള മനുഷ്യന്റെ ഗുണങ്ങളിലൊന്നാണ് വിനയം. ഈ ശരിയായ വിനയത്താലാണ് സംന്യാസി വീടുതോറും സഞ്ചരിക്കുന്നത്. ഭിക്ഷയ്ക്കായല്ല, മറിച്ച് ഗൃഹസ്ഥന്മാരെ നേരിട്ടു കണ്ട അവരെ കൃഷ്ണാവബോധവാന്മാരാക്കുന്നതിനാണ് ഈ സഞ്ചാരം. സന്ന്യാസിയുടെ കടമയാണിത്. അയാൾ യഥാർത്ഥപുരോഗതി നേടിയിട്ടുണ്ടെങ്കിൽ തന്റെ ആദ്ധ്യാത്മികഗുരുവിന്റെ അനുമതിയോടെ വിവേകത്തോടും യുക്തിയോടുംകൂടി കൃഷ്ണാവബോധം പ്രചരിപ്പിക്കണം. അത്രത്തോളം പുരോഗമിച്ചിട്ടില്ലെങ്കിൽ സംന്യാസം സ്വീകരിക്കുകയുമരുത്. വേണ്ടുന്നത്ര അറിവ് നേടുന്നതിന് മുമ്പ് സന്ന്യാസം കൈക്കൊണ്ടു എന്നിരിക്കിലും അയാൾ വിശ്വാസ്യനായ ഒരു ആദ്ധ്യാത്മികാചാര്യനിൽ നിന്ന് ജ്ഞാനം സമ്പാദിക്കുന്നതിൽ മുഴുകിയിരിക്കണം. നിർഭയത്വവും സത്ത്വശുദ്ധിയും ജ്ഞാനവും സന്ന്യാസിക്ക് കൂടിയേ തീരൂ.


    ദാനമാണ് മറ്റൊരു ഗുണം. ഇത് ഗൃഹസ്ഥന്മാർക്ക് അനുയോജ്യമാണ്. ഗൃഹസ്ഥൻ മാന്യമായ പ്രവൃത്തിയിലേർപ്പെട്ട ജീവിക്കാൻ വേണ്ടുന്ന സമ്പത്ത് നേടുകയും അതിൽ പകുതി ലോകമാകമാനം കൃഷ്ണാവബോധം പ്രചരിപ്പിക്കാൻവേണ്ടി ചെലവഴിക്കുകയും വേണം. കൃഷ്ണാവബോധ പ്രചാരത്തിലേർപ്പെട്ട സംഘടനകൾക്ക് സമ്പത്ത് ദാനമായി നൽകണം. ദാനം, അതർഹിക്കുന്നവർക്ക് കൊടുക്കണം. സത്ത്വരജസ്തമോഗുണങ്ങളാൽ പ്രേരിതങ്ങളായി പല വിധം ദാനങ്ങളുണ്ട്. സത്ത്വഗുണാധിഷ്ഠാനത്തിലുള്ള ദാനമാണ് ശ്രേഷ്ഠം. അതിനെ വൈദികഗ്രന്ഥങ്ങൾ വാഴ്ത്തുന്നു. രജസ്തമോഗുണങ്ങളാൽ പ്രേരി തങ്ങളായ ദാനങ്ങളെ അവ അനുകൂലിക്കുന്നില്ല. പാഴ്ചചെലവ് മാത്രമാണങ്ങനെയുള്ള ദാനങ്ങൾ. ലോകത്തിൽ കൃഷ്ണാവബോധം പ്രചരി പ്പിക്കാൻ മാത്രമായിരിക്കണം ദാനം. അതാണ് സാത്ത്വികമായ ദാനം.


    ദമം- ആത്മനിയന്ത്രണം - നാലാശ്രമങ്ങൾക്കും പ്രസക്തമാണെങ്കിലും വിശിഷ്യ ഗൃഹസ്ഥന്മാർക്കുള്ളതാണ്. സഭാര്യനെങ്കിലും ഗ്യഹസ്ഥൻ തന്റെ ഇന്ദ്രിയങ്ങളെ അനാവശ്യമായ കാമപൂർത്തിക്കായി ഉപയോഗിച്ചുകൂടാ. ലൈംഗികജീവിതത്തിലും ഗൃഹസ്ഥന്മാർക്ക് നിയന്ത്രണങ്ങളുണ്ട്. സന്താനലാഭത്തിന് മാത്രമുദ്ദേശിക്കപ്പെട്ടതാണവ. പുത്രലബ്ധിക്കായിട്ടല്ലാതെ ലൈംഗിക ജീവിതം നയിക്കാൻ പാടില്ല. ആധുനികസമൂഹത്തിൽ പലരും കുട്ടികളുടെ ചുമതല ഏറ്റെടുക്കാൻ ഇഷ്ടപ്പെടാതെ ഗർഭനിരോധനമോ അതിലേറെ നീചങ്ങളായ നടപടികളോ ശീലിച്ചുവരുന്നു. ഇത് ആദ്ധ്യാത്മികമല്ല, ആസുരമായ പ്രവർത്തനമാണ്. ആദ്ധ്യാത്മികജീവിതത്തിൽ പുരോഗതിയാഗ്രഹിക്കുന്ന ഏതൊരാളും ഗൃഹസ്ഥനായാലും അല്ലെങ്കിലും, ലൈംഗികാസക്തി നിയന്ത്രിക്കണം; കൃഷ്ണനെ സേവിക്കണമെന്ന ഉദ്ദേശ്യത്തോടെയല്ലാതെ സന്താനങ്ങളെ ജനിപ്പിക്കയുമരുത്. കൃഷ്ണാവബോധനിഷ്ഠരായ മക്കളെ ജനിപ്പിക്കാനാവുമെങ്കിൽ നൂറ് മക്കൾക്ക് ജന്മം കൊടുത്താലും അതിൽ തെറ്റില്ല. ആ കഴിവില്ലാത്തവർ വ്യർത്ഥമായ ഭോഗസുഖം കൊതിച്ചുകൂടാ.


    ഗൃഹസ്ഥന്മാർ അനുഷ്ഠിക്കേണ്ട ഒരു കർമ്മമാണ് യജ്ഞം. ഇതിന് ധാരാളം പണച്ചെലവുണ്ടെന്നതാണ് കാരണം. മറ്റു മൂന്നാശ്രമങ്ങളിലും ബ്രഹ്മചര്യം, വാനപ്രസ്ഥം, സന്ന്യാസം - സമ്പത്ത് സമാഹരിക്കപ്പെടുന്നില്ല. മറ്റാശ്രമങ്ങളിൽ ഭിക്ഷകൊണ്ടാണ് കാലയാപനം. അതുകൊണ്ട് പലവിധ യജ്ഞങ്ങൾ ഗൃഹസ്ഥന്മാരെ ഉദ്ദേശിച്ചുള്ളതാണ്. വേദോക്തങ്ങളായ അഗ്നിഹോത്രാദികളെ അവർ വിധിപ്രകാരം നിറവേറ്റണം. പക്ഷേ ഇക്കാലത്ത് അത്തരം യജ്ഞങ്ങൾക്ക് പണച്ചെലവ് വളരെ കൂടുതലാകയാൽ ആർക്കും അവ അനുഷ്ഠിക്കാൻ സാദ്ധ്യമല്ല. ഈ യുഗത്തിൽ നിർവ്വഹിക്കാവുന്ന  ഉത്തമയജ്ഞം സങ്കീർത്തനയജ്ഞമാണ്. “ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ, ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ" എന്ന് ഉരുവിടുക മാത്രം ചെയ്യേണ്ടുന്ന ആ യജ്ഞം ഒട്ടും പണച്ചെലവു വേണ്ടാത്തതും അത്യുത്കൃഷ്ടവുമാണ്. ദാനം, ദമം, യജ്ഞം എന്നീ മൂന്ന് കർമ്മങ്ങളും വിശേഷാൽ ഗ്യഹസ്ഥന്മാർക്ക് വേണ്ടിയുള്ളതാണ്.


    വിദ്യ അഭ്യസിക്കുന്ന ബ്രഹ്മചാരികൾ അനുഷ്ഠിക്കേണ്ടുന്നതാണ് സ്വാദ്ധ്യായം, അതായത് വേദപഠനം. ബ്രഹ്മചാരിക്ക് സ്ത്രീസമ്പർക്കം പാടില്ല; ബ്രഹ്മചര്യജീവിതം നയിക്കണം. ആദ്ധ്യാത്മികജ്ഞാനസമ്പാദനത്തിനായി അവർ സശ്രദ്ധം വൈദികസാഹിത്യം പഠിക്കണം. ഇതിനെ സ്വാദ്ധ്യായമെന്ന് പറയുന്നു.


    ഗാർഹസ്ഥ്യത്തിന് ശേഷമുള്ള വിശ്രമജീവിതത്തിൽ തപസ്സാണ് നിർദ്ദിഷ്ടമായിട്ടുള്ളത്. ജീവിതകാലം മുഴുവൻ ഗാർഹസ്ഥ്യത്തിൽ കഴിച്ചുകൂട്ടാൻ പാടില്ല. ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നിങ്ങനെ ജീവിതത്തിന് നാലു ഘട്ടങ്ങളുണ്ടെന്നോർക്കണം. അതുകൊണ്ട് ഗാർഹസ്ഥ്യത്തിൽ നിന്ന് പിന്മാറണം. നൂറ് കൊല്ലം ജീവി ക്കുന്ന ഒരാൾക്ക് ഇരുപത്തഞ്ച് കൊല്ലം ബ്രഹ്മചര്യത്തിനും, ഇരുപത്തഞ്ച് ഗാർഹസ്ഥ്യത്തിനും, ഇരുപത്തഞ്ച് വാനപ്രസ്ഥത്തിനും, ഇരുപത്തഞ്ച് സന്ന്യാസത്തിനും നീക്കിവെയ്ക്കാം. ഇതാണ് വൈദികമതാനുശാസനം. ഗാർഹസ്ഥ്യത്തിൽ നിന്ന് വിരമിച്ച ഒരാൾ ശരീരമനസ്സുകളേയും നാവിനേയും കർശനമായി നിയന്ത്രിക്കണം. ഇതാണ് തപസ്യ. വർണാശ്രമ ധർമ്മവ്യവസ്ഥയുടെ ലക്ഷ്യം തന്നെ തപസ്യയാണ്. അതില്ലാതെ ഏതൊരാൾക്കും മുക്തി ലഭിക്കില്ല. ജീവിതത്തിൽ തപസ്സിന്റെ ആവശ്യമില്ലെന്നും ഊഹാപോഹത്തിലൂടെ നാൾ കഴിച്ചാൽ എല്ലാം നന്നായിവരു മെന്നുമുള്ള സിദ്ധാന്തത്തെ വൈദികസാഹിത്യമോ ഭഗവദ്ഗീതയോ പിൻതാങ്ങുന്നില്ല. തങ്ങൾക്ക് കൂടുതൽ അനുയായികളുണ്ടാക്കാൻ ശ്രമിക്കുന്ന കാഴ്ചവസ്തുക്കളായ ആത്മീയവാദികൾ പടച്ചു വിടുന്ന പ്രഹസനങ്ങളാണ് അത്തരം നിഗമനങ്ങൾ. നിയമങ്ങളും നിബന്ധനകളും കർക്കശങ്ങളെങ്കിൽ സാധാരണജനങ്ങളെ ആകർഷിക്കാനാവില്ല. അതുകൊണ്ട് മതത്തിന്റെ പേരിൽ പുറംകാഴ്ചയ്ക്ക് മാത്രം ധാരാളം അനുയായികളുണ്ടാവണം എന്നാഗ്രഹിക്കുന്നവർ തങ്ങളുടെ ജീവിതത്തിലാകട്ടെ, ശിഷ്യരുടെ ജീവിതത്തിലാകട്ടെ, നിഷ്കർഷ നിബന്ധനകൾ ചുമത്താറില്ല. എന്നാൽ വേദസമ്മതമായുള്ളതല്ല, ഈ രീതി.


     ഇനി ബ്രാഹ്മണോചിതമായ ആർജ്ജവത്തെപ്പറ്റി ചിന്തിക്കാം. ഒരു വിഭാഗത്തിൽപ്പെട്ടവർ മാത്രമല്ല, ബഹ്മചാരിയായാലും, ഗൃഹസ്ഥനായാലും, വാനപ്രസ്ഥനായാലും, സന്ന്യാസിയായാലും എല്ലാവരും അനുസരിക്കേണ്ടതാണിത്. ലളിതസ്വഭാവിയും സത്യസന്ധനുമാകണം.


    ഏത് ജീവന്റേയും പുരോഗതിയെ തടയാതിരിക്കുകയാണ് അഹിംസ, ശരീരം നശിപ്പിച്ചാലും ആത്മാവ് നിലനിൽക്കുന്നതുകൊണ്ട് ഭോഗസുഖങ്ങൾക്കായി ജന്തുക്കളെ കൊല്ലുന്നതിൽ തെറ്റില്ലെന്ന് കരുതേണ്ട. ധാന്യങ്ങളും ഫലങ്ങളും പാലും ധാരാളമുണ്ടായിട്ടും ഇന്ന് മനുഷ്യർ മൃഗങ്ങളെക്കൊന്ന് മാംസം ഭക്ഷിക്കുന്നതിൽ താത്പര്യമുള്ളവരാണ്. ജന്തുഹിംസയുടെ ആവശ്യമില്ല തന്നെ. ഏവരും അഹിംസ പാലിക്കേണ്ടതാണ്. മറ്റൊരുപായവുമില്ലെന്ന ഘട്ടത്തിൽ മാത്രം ജന്തു ഹിംസയെചെയ്തതു പോയെന്ന് വരാം. എന്നാൽ അത് യജ്ഞത്തിനു നിവേദിക്കുകയും വേണം. ഏതായാലും, മനുഷ്യവർഗ്ഗത്തിന് വേണ്ടുന്നത്ര ആഹാരസാധനങ്ങൾ വേറെയുണ്ടെന്നിരിക്കെ ആത്മസാക്ഷാത്കാരത്തിൽ താത്പര്യമുള്ളവരാരും ജന്തുക്കളെ ദ്രോഹിക്കരുത്. ജീവിതപുരോഗതിയെ തടസ്സപ്പെടുത്താതിരിക്കലാണ് യഥാർത്ഥത്തിൽ അഹിംസ. മൃഗങ്ങളും ഒരു ജന്തുവിഭാഗത്തിൽ നിന്ന് മറ്റൊരു വിഭാഗത്തിലേക്ക് ദേഹാന്തരപ്രാപ്തി നേടുന്നു. ഒരു ജീവി വധിക്കപ്പെട്ടാൽ അതിന്റെ പുരോഗതിക്ക് തടസ്സം നേരിടുന്നു. ഒരു ശരീരത്തിൽ കുറേ കൊല്ലങ്ങളോ ദിവസങ്ങളോ ജീവിച്ച ശേഷം ഒരു ജീവി കൊല്ലപ്പെട്ടാൽ ആ ജീവന് മറ്റൊരുവിധം ജീവഗണത്തിൽ പിറവിയെടുക്കുന്നതിന് മുമ്പ് അതേ ഗണത്തിൽത്തന്നെ വീണ്ടും ജനിച്ച് മുമ്പ് വിധിച്ചിട്ടുള്ളത്ര ദിവസങ്ങൾ മുഴു മിക്കേണ്ടിവരും. ഈ നിലയ്ക്ക് മനുഷ്യന്റെ രസനാപ്രീതിക്കായി മാത്രം അവയുടെ പുരോഗതി തടയാൻ പാടില്ല തന്നെ. ഇതാണ് അഹിംസ,


   സ്വാർത്ഥതാത്പര്യങ്ങൾക്കുവേണ്ടി യാഥാർത്ഥ്യത്തെ വളച്ചൊടിച്ച് കാട്ടാതിരിക്കലാണ് സത്യം. വൈദികഗ്രന്ഥങ്ങളിൽ അതിഗഹനങ്ങളായ ചില ഭാഗങ്ങളുണ്ട്. അവയുടെ അർത്ഥവും ഉദ്ദേശ്യവും വിശ്വാസ്യനായ ഒരു ആദ്ധ്യാത്മികാചാര്യനിൽ നിന്ന് ഗ്രഹിക്കേണ്ടതാണ്. വേദജ്ഞാനത്തിനുള്ള വിഹിതമാർഗ്ഗം ഇതാണ്. ശുതി എന്നാൽ പ്രാമാണികരിൽ നിന്ന് കേൾക്കുക എന്നാണർത്ഥം. തനിക്കിഷ്ടപ്പെട്ട വിധം ഒരു വ്യാഖ്യാനം കെട്ടിച്ചമയ്ക്കരുത്. ഭഗവദ്ഗീത പല ഭാഷ്യകാരന്മാരും തെറ്റായി വ്യാഖ്യാനിച്ചിട്ടുണ്ട്. ഓരോ വാക്കിന്റേയും യഥാർത്ഥ മായ ഉദ്ദേശ്യം ചൂണ്ടിക്കാട്ടുകയാണാവശ്യം. അത് വിശ്വാസ്യനായ ഒരു ആദ്ധ്യാത്മികഗുരുവിൽ നിന്ന് പഠിക്കുകയും വേണം.


    അക്രോധമെന്നത് കോപത്തെ നിയന്ത്രിക്കലാണ്. ക്രോധത്തിന് തക്കതായ കാരണമുണ്ടായാലും ക്ഷമാശീലം പുലർത്തണം. ക്രോധാ വേശം ശരീരത്തെ മുഴുവൻ മലിനമാക്കുന്നു. ഈ വികാരം രജോഗുണത്തിന്റേയും കാമത്തിന്റേയും ഉത്പന്നമാകയാൽ, അതീന്ദ്രിയാവസ്ഥയിലെത്തിയവർ അതിനെ നിയന്ത്രിച്ചേ തീരൂ. മറ്റുള്ളവരിൽ അനാവശ്യമായി തെറ്റ് കാണുകയും അവരെ ആവശ്യമില്ലാതെ തിരുത്തുകയും ചെയ്യുന്ന പതിവ് ഉപേക്ഷിക്കലത്രേ 'അപൈശുനം.‘ ഒരു കള്ളനെ കള്ളനാണെന്ന് വിളിക്കുന്നത് കുറ്റാരോപണമല്ല. പക്ഷേ സത്യസന്ധനായൊരാളെ കള്ളനെന്നാക്ഷേപിക്കുന്നത് ആദ്ധ്യാത്മികമായി പുരോഗമിക്കുന്നവരെ സംബന്ധിച്ചിടത്തോളം കുറ്റകരം തന്നെ. അത്യന്തം വിനയത്തേയും നീചകർമ്മങ്ങളിൽ വിരക്തിയേയുമാണ് ‘ഹ്രീ’ എന്ന വാക്ക് സൂചിപ്പിക്കുന്നത്. 'അചാപലം’ അഥവാ ദൃഢനിശ്ചയം, തന്റെ പ്രയത്നങ്ങളെപ്പറ്റി ക്ഷോഭിക്കുകയോ നിരാശപ്പെടുകയോചെയ്യാതിരിക്കലാണ്. ചില ഉദ്യമങ്ങളിൽ പരാജയം നേരിട്ടേക്കാം; അതിനെച്ചൊല്ലി ദുഃഖിക്കരുത്. ക്ഷമയോടും സ്ഥിരനിശ്ചയത്തോടുംകൂടി മുന്നോട്ട് പോവുകയാണ് വേണ്ടത്.


    ‘തേജസ്സ് ക്ഷത്രിയോചിതമത്രേ. ക്ഷത്രിയർ ദുർബലർക്ക് രക്ഷ നൽകാൻ സാധിക്കത്തക്കവണ്ണം ബലം തികഞ്ഞവരാകണം. അവർ അഹിംസാവ്രതരെന്ന്‍ നടിക്കരുത്. അക്രമം ആവശ്യമായി വന്നാൽ അവർ മടിച്ചു നിൽക്കാൻ പാടില്ല. എന്നാൽ ശത്രുവിനെ അടിച്ചമർത്താൻ കഴിഞ്ഞാൽ ചില സന്ദർഭങ്ങളിൽ കരുണയോടെ മാപ്പ് കൊടുക്കാം, കൊച്ചു പിഴകളെ അയാൾക്ക് ക്ഷമിക്കാം.


   വിശുദ്ധിയാണ് ശൗചം, ശരീരത്തിലും മനസ്സിലും മാത്രമല്ല, പെരുമാറ്റത്തിലും ശൗചം പാലിക്കേണ്ടതുണ്ട്. വിശേഷിച്ചും വ്യാപാരികളായ വൈശ്യർക്ക് ബാധകമാണിത്. അവർ കരിഞ്ചന്ത ഉപേക്ഷിക്കണം. ‘നാതി മാനിത’ എന്നാൽ മറ്റുള്ളവരുടെ ബഹുമാനം കാംക്ഷിക്കാതെ എന്നർത്ഥം- ശൂദ്രരെന്ന് വിളിക്കപ്പെടുന്ന തൊഴിലാളി വർഗ്ഗത്തിന് വിശേഷാൽ ബാധകമാണ് ഈ ഗുണം. വേദശാസനപ്രകാരം നാല വർണ്ണവിഭാഗങ്ങളുള്ളതിൽ ഒടുവിലത്തേതിൽപ്പെട്ട ഇവർക്ക് തങ്ങൾ മാനിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചുകൂടാ. അവർ അനാവശ്യമായി മാന്യത ഭാവിക്കാതെ സ്വന്തം നില പുലർത്തണം. സാമൂഹ്യസ്ഥിതി നിലനിർത്തുന്നതിനുവേണ്ടി മൂന്ന് ഉപരിവർഗ്ഗങ്ങളേയും ആദരിക്കുക എന്നതാണ് ശൂദ്രരുടെ കടമ.


     മുകളിൽപ്പറഞ്ഞ ഇരുപത്തിയാറ് ഗുണങ്ങളും ആദ്ധ്യാത്മികങ്ങൾ തന്നെ. സാമൂഹ്യമായും തൊഴിൽപരമായുമുള്ള വ്യത്യസ്തതകൾക്കനുയോജ്യമായ വിധം ഇവയെ വളർത്തിയെടുക്കേണ്ടതാണ്. ഭൗതിക പരിതഃസ്ഥിതികൾ ശോചനീയങ്ങളാണെങ്കിൽപ്പോലും ജനവിഭാഗങ്ങളെല്ലാം ഈ ഗുണവിശേഷങ്ങളെ പ്രായോഗികമായി വളർത്തിപ്പോന്നാൽ അവർക്ക് ക്രമേണ ആത്മസാക്ഷാത്കാരത്തിന്റെ ഉന്നത തലങ്ങളിലെത്തി ച്ചേരാം.



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more