പാനിഹട്ടി ചിഡാ ദഹി ഉത്സവം


 പാനിഹട്ടി ചിഡാ ദഹി ഉത്സവം

അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം

🔆🔆🔆🔆🔆🔆🔆🔆


ഈ കലി യുഗത്തിൽ മായയുടെ പ്രഭയിൽ വീണുപോയ ആത്മാക്കളുടെ മോചനത്തിനായി ഭഗവാൻ്റെ പരിശുദ്ധനാമങ്ങൾ  കരുണാപൂർവ്വം വിതരണം ചെയ്യുന്നതിനുവേണ്ടി, പരമ ദിവ്യോത്തമപുരുഷനായ ശ്രികൃഷ്ണ ഭഗവാൻ ശ്രീമതി രാധ റാണിയുടെ ശോഭയോടും ഭാവത്തോടും കൂടി, ആദ്ധ്യാത്മിക രസങ്ങളുടെ നിറകുടമായി അവതരിച്ച ശ്രീ ചൈതന്യ മഹാപ്രഭുവിലേക്ക് എത്തുന്നതിന്, ആദി ഗുരു തത്വവും ഭൗതിക പ്രകൃതിയുടെ മായികാവസ്ഥക്ക് അടിമപെട്ടിരിക്കുന്ന ജീവാത്മക്കൾക്കുള്ള ഏക ആശ്രയവുമായ ശ്രീ നിത്യാനന്ദ പ്രഭുവിന്റെ പ്രത്യേക കരുണയോടും അനുമതിയോടും കൂടി മാത്രമേ സാധിക്കുകയുള്ളൂ.

ജ്യേഷ്ഠ മാസത്തിലെ ( മെയ് -ജൂൺ മാസങ്ങൾ) ത്രയോദശിയിൽ ആണ് പാനിഹാട്ടി ചിഡാ ദഹി മഹോത്സവം ആഘോഷിക്കുന്നത് . ചിഡ എന്നാൽ അവൽ എന്നും ദഹി എന്നാൽ തൈര് എന്നും അർത്ഥം.  നിത്യാനന്ദ പ്രഭുവിന്റെ ഒരു സുപ്രധാനലീലയെ അനുസ്മരിപ്പിക്കുന്ന ഈ ആഘോഷം  നടക്കുന്നത് കൽക്കത്തയിൽ നിന്ന് അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന പാനിഹാട്ടിഗ്രാമത്തിലാണ്. നിത്യാനന്ദപ്രഭു രഘുനാഥ ദാസ ഗോസ്വാമിയെ അനുഗ്രഹിക്കുകയും, എല്ലാ ഭക്തരുടെയും ഹൃദയത്തെ സന്തുഷ്ടമാക്കിയ ഈ ഉത്സവം നടത്താൻ അദ്ദേഹത്തോട്  നിർദ്ദേശിക്കുകയും ചെയ്തു.



ചൈതന്യ മഹാപ്രഭുവിന്റെ പ്രധാന ശിഷ്യന്മാരിൽ ഒരാളും വൃന്ദാവനത്തിലെ ഷഡ്ഗോസ്വാമിമാരിൽ ഒരാളുമായ രഘുനാഥ ദാസ ഗോസ്വാമിയുടെ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു  പാനി ഹട്ടി മഹോത്സവം. കൊൽക്കത്തയിൽ നിന്ന് വളരെ അകലെയല്ലാത്ത പാനിഹട്ടി എന്ന ഗ്രാമത്തിലെ ധനികരായ പ്രഭു കുടുംബത്തിൽ ജനിച്ച രഘുനാഥ  ദാസൻ  ചൈതന്യ മഹാപ്രഭുവിൻറെ നാമസങ്കീർത്തന പ്രസ്ഥാനത്തിൽ ആകൃഷ്ടനായിരുന്നു. ചൈതന്യ മഹാപ്രഭുവിൻറെ പാദങ്ങളിൽ ശരണമടഞ്ഞ് ഭക്തിയുത സേവനം ചെയ്യണമെന്നത്  രഘുനാഥന്റെ ചിരകാല അഭിലാഷമായിരുന്നു.പ്രകൃത്യാ ഒരു കൃഷ്ണ ഭക്തനായിരുന്നുവെങ്കിലും തൻറെ ഒരേയൊരു മകൻ സന്ന്യാസിയാകുമോ എന്ന് ഭയന്ന പിതാവ് ഗോവർദ്ധന മജുംദാർ  ചൈതന്യ മഹാപ്രഭുവിനെ കാണുന്നതിൽ  നിന്നും മകനെ വിലക്കി. ചൈതന്യ മഹാപ്രഭുവിന് തൻറെ ഹൃദയം സമർപ്പിച്ചിരുന്ന രഘുനാഥ ഗോസ്വാമിക്ക്   ക്രമേണ തന്റെ  വീട്ടിലെ ആഡംബരം നിറഞ്ഞ ജീവിതത്തിലും സ്നേഹമയിയും സുന്ദരിയുമായ പത്നിയിലും  താൽപ്പര്യമില്ലാതായി. എപ്രകാരമെങ്കിലും ചൈതന്യ മഹാപ്രഭുവിനെ നേരിട്ട്  കാണണമെന്ന് തീരുമാനിച്ച രഘുനാഥദാസൻ ബന്ധുക്കൾ അറിയാതെ വീട്ടിൽ നിന്ന് പലപ്രാവശ്യം പലായനം ചെയ്യാൻ ശ്രമിച്ചുവെങ്കിലും ഓരോ തവണയും പിതാവ് തന്റെ  സേവകരെ വിട്ട് അദ്ദേഹത്തെ ബലമായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അങ്ങനെയിരിക്കെ ചൈതന്യ മഹാപ്രഭുവിൻറെ പ്രധാന സഹചാരികളിൽ ഒരാളായ നിത്യാനന്ദ പ്രഭു പാനിഹട്ടിയിൽ വന്നിരിക്കുന്നതായി രഘുനാഥ ദാസൻ കേൾക്കാനിടയായി . നിത്യാനന്ദ പ്രഭുവിനെ ശരണമടഞ്ഞാൽ ചൈതന്യ മഹാപ്രഭുവിന്റ കാരുണ്യം എളുപ്പത്തിൽ ലഭിക്കും എന്ന് മനസിലാക്കിയ രഘുനാഥ ദാസൻ  പാനിഹാട്ടിയിലെ  നദിക്കരയിലേക്ക് പോയി.


 അവിടെ ഒരു വടവൃക്ഷത്തിൻ കീഴിൽ ദശലക്ഷക്കണക്കിന് ചന്ദ്രൻമാരുടെ കുളിർമയെക്കാൾ കുളിർമയുള്ളവനും കലിയുടെ  കത്തുന്ന ജ്വാല രശ്മികളെ ശമിപ്പിക്കുവാൻ കഴിവുള്ളവനുമായ  നിത്യാനന്ദ പ്രഭു,പ്രഭാപൂരം  പരത്തിക്കൊണ്ട്, അനുയായികളാൽ വലയം ചെയ്യപ്പെട്ട് ആസനസ്ഥനായിരിക്കുന്നത് അദ്ദേഹത്തിന് കാൺമാനായി. 


 നിത്യാനന്ദപ്രഭുവിനെ ദർശിച്ച മാത്രയിൽ തന്നെ രഘുനാഥ ദാസൻ ആദരവ് പ്രകടിപ്പിക്കാൻ കുറച്ചു ദൂരെ നിന്ന് സാഷ്ടാംഗം പ്രണമിച്ചു. സ്വതവേ വിനയശീലനായ അദ്ദേഹം യോഗ്യതയില്ലെന്ന് സ്വയം കരുതിയതിനാൽ, നിത്യാനന്ദ പ്രഭുവിന്റെ അടുത്തു വരാതെ ദൂരെ നിന്നു. എന്നാൽ നിത്യാനന്ദ പ്രഭുവിന്റെ ആജ്ഞ അനുസരിച്ച്  രഘുനാഥദാസിനെ  നിത്യാനന്ദ  പ്രഭുവിന്റെ മുന്നിൽ കൊണ്ടുവരപ്പെട്ടു. മഹാനുഭാവനായ  നിത്യാനന്ദ പ്രഭു,കോപാകുലനായി രഘുനാഥനെ പിടിച്ചിട്ട്, താമരയിതൾ പോലെയുള്ള തൻ്റെ പാദം  രഘുനാഥിൻ്റെ തലയിൽ വച്ചുകൊണ്ട് വിളിച്ച് പറഞ്ഞു, നീ ഒരു കള്ളനാണ് , എന്നെ ആദ്യം ശരണം പ്രാപിക്കാതെ മഹാപ്രഭുവിന്റെ  അടുത്ത് എത്തിച്ചേരാൻ ശ്രമിക്കുകയാണ് ." മഹാപ്രഭു തന്റെ സ്വത്താണെന്നും തൻ്റെ കാരുണ്യവും അനുവാദവുമില്ലാതെ ആർക്കും ശ്രീ ചൈതന്യ മഹാപ്രഭുവിലേയ്ക്ക് എത്തിചേരാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആയതിനാൽ ഒരു ശിക്ഷയായിട്ട്, അവിടെ ഒത്തുകൂടിയ എല്ലാ ഭക്തർക്കും വേണ്ടി ഒരു മഹത്തായ ആഘോഷം ഒരുക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.


നിത്യാനന്ദപ്രഭുവിന്റെ ഈ ആജ്ഞ അവിടുത്തെ അനുഗ്രഹമായി കണ്ട രഘുനാഥ ദാസൻ ഹൃദയത്തിൽ പരമാനന്ദത്തെ അനുഭവിച്ചു. ആനന്ദതുന്ദിലനായ അദ്ദേഹം ഉടൻ ആ ആജ്ഞ ശിരസാൽ വഹിക്കുകയും നിത്യാനന്ദ പ്രഭുവിന്റെ നിർദ്ദേശപ്രകാരം ആഘോഷത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നതിനാരംഭിക്കുകയും ചെയ്തു. അദ്ദേഹം അവൽ, തൈര്, പാൽ, വാഴപ്പഴം, ശർക്കര, മറ്റ് പല ചേരുവകൾ എന്നിവ ബൃഹത്തായ അളവിൽ വാങ്ങി കൊണ്ടുവരികയും അതു കൊണ്ട് രണ്ട് തരത്തിലുള്ള വിഭവങ്ങൾ തയ്യാറാക്കുവായി ബ്രാഹ്മണരെ ഏൽപ്പിക്കുകയും ചെയ്തു. മലയോളം അളവിൽ അവൽ, സന്ദേശ് (പാൽക്കട്ടികൊണ്ട് തയ്യാറാക്കുന്ന മധുര വിഭവം), വാഴപ്പഴം , ശർക്കര എന്നി കുന്നുകുട്ടി. അവൽ രണ്ട് ഭാഗമായി പിരിച്ച് ഒരു ഭാഗത്തിൽ തൈരും  രണ്ടാമത്തെ ഭാഗത്തിൽ കുറുക്കിയ പാലും   കലർത്തി. രണ്ട് ഭാഗത്തിലും  ശർക്കര , വാഴപ്പഴം, സന്ദേശ് എന്നിവ കലർത്തി.ഈ ആഘോഷത്തെ കേട്ടറിഞ്ഞ് സമീപ ഗ്രാമങ്ങളിൽനിന്ന് നിരവധി ഭക്തരും ബ്രാഹ്മണരും അവിടെ എത്തിച്ചേർന്നു.  എല്ലാവരേയും സംതൃപ്തരാക്കാനായി അവിടെ മഹത്തായ ആഘോഷം  നടക്കുകയാണെന്ന് അറിഞ്ഞ് സമീപത്തുള്ള ഗ്രാമങ്ങളിൽ നിന്ന് വ്യാപാരത്തിനായി വന്ന വ്യാപാരികളുടെ പക്കൽ നിന്നും രഘുനാഥ ദാസൻ കൂടുതൽ സാധനങ്ങൾ വാങ്ങി,വീണ്ടും അതിൽ രണ്ട് തരം വിഭങ്ങൾ ഉണ്ടാക്കാൻ തുടങ്ങി.അതിനുശേഷം നിത്യാനന്ദ പ്രഭു ഉയർന്ന ഇരിപ്പിടത്തിൽ അദ്ദേഹത്തിൻ്റെ അനുയായികളാൽ വലയം ചെയ്യപ്പെട്ട് ഉപവിഷ്ടനായി , അപ്പോൾ രഘുനാഥ ദാസൻ ഏഴ് വലിയ മൺകലങ്ങളിൽ അവൽ കൊണ്ട്തയ്യാറാക്കിയ വിഭവങ്ങൾ നിത്യാനന്ദ പ്രഭുവിന് മുന്നിൽ സമർപ്പിക്കുകയും, രണ്ട് തരം അവൽ വിഭവങ്ങൾ(പാൽ അവലും തൈര് അവലും)  രണ്ട് മൺപാത്രങ്ങളിൽ അവിടെ ഉണ്ടായിരുന്ന ഓരോ ഭക്തർക്കും നൽകി.


ഉത്സവത്തിനായി നിരവധി ഭക്തർ അവിടെ  ഒത്തുകൂടിയിരുന്നു, ഗംഗയുടെ തീരം ഭക്തൻമാരാൽ നിറഞ്ഞുകവിഞ്ഞിരുന്നു , ഓരോരുത്തരും  അവരുടെ രണ്ട് പാത്രത്തിലെയും പ്രസാദം ആസ്വദിച്ച് കഴിച്ചു, ഗംഗയുടെ തീരത്ത് ഒരു തരി സ്ഥലം പോലും  ബാക്കിയില്ലാതെ വന്നപ്പോൾ , ഭക്തർ ഗംഗാനദിയിൽ ഇറങ്ങി നിന്ന് പ്രസാദം ആസ്വദിച്ചു. ആഘോഷം എന്ന് കേട്ട് അവിടെയെത്തിയ എല്ലാ ഭക്തർക്കും അതിഥികൾക്കും ആവശ്യത്തിന്  പ്രസാദം ഉണ്ടെന്ന് രഘുനാഥ ദാസൻ ഉറപ്പുവരുത്തി.   അവൽ, തൈര്, വാഴപ്പഴം, മറ്റ് ചേരുവകൾ എന്നിവ വിൽക്കുവാനായി  അയൽ ഗ്രാമങ്ങളിൽ നിന്ന് വന്ന വ്യാപാരികൾക്കു പോലും രഘുനാഥ ദാസൻ പ്രസാദം ഊട്ടി.

ഈ ആഘോഷം നന്നായി ആസ്വദിച്ച നിത്യാനന്ദ പ്രഭു  ശ്രീ ചൈതന്യ മഹാപ്രഭുവിനെ സ്മരിക്കുകയും ഉടൻ തന്നെ അവിടുന്ന്  അവിടെ പ്രത്യക്ഷപ്പെടുകയും ചെയ്തു. അതീന്ദ്രിയാനന്ദമനുഭവിച്ച നിത്യാനന്ദ പ്രഭു ഭക്തൻമാരുടെ ഇടയിലൂടെ ചുറ്റിനടന്ന്, അവരുടെ പാത്രങ്ങളിൽ നിന്ന്  ഓരോ പിടി പ്രസാദം എടുത്ത്, സ്വന്തം കരങ്ങളാൽ ചൈതന്യ മഹാപ്രഭുവിന് ഊട്ടിക്കൊടുക്കുണ്ടായിരുന്നു. നിത്യാനന്ദ പ്രഭുവിന്റെ ഈ പ്രവർത്തികൾ  ഉറ്റു നോക്കിക്കൊണ്ടിരുന്ന ഭക്തന്മാർ അതിശയത്തോടെ പരസ്പരം നോക്കി.   അതിനുശേഷം നിത്യാനന്ദ പ്രഭു , ചൈതന്യ മഹാപ്രഭുവിനെ തന്റെ അരികിലിരുത്തി ഭക്ഷണം കഴിക്കാൻ നാല് മൺപാത്രം പ്രസാദം അദ്ദേഹത്തിൻ്റെ മുൻപിൽ സമർപ്പിച്ചു. നിത്യാനന്ദ പ്രഭുവിന്റെ പ്രവർത്തനങ്ങൾ കണ്ട് എല്ലാ ഭക്തരും ആശ്ചര്യഭരിതരായി, ശ്രീ ചൈതന്യ മഹാപ്രഭുവിനെ കാണാനും, അദ്ദേഹം അവരോടൊപ്പം  ഈ ആഘോഷം സന്തോഷത്തോടെ ആസ്വദിക്കുകയാണെന്നും മനസിലാക്കാൻ കഴിയുന്ന ഏതാനും ഭാഗ്യശാലികളിയ ഭക്തർക്ക് ഒഴികെ മറ്റാർക്കും തന്നെ അവർക്കിടയിൽ എന്താണ് സംഭവിക്കുന്നതെന്ന്  മനസിലാക്കാൻ കഴിഞ്ഞില്ല.


ഈ മുഴുവൻ ദൃശ്യവും  അത്യാകർഷകമായിരുന്നു. വൃന്ദാവനത്തിലെ യമുന നദിയുടെ തീരത്ത് കൃഷ്ണനും ബലരാമനും അവരുടെ ചങ്ങാതിമാരുമായി  ഉല്ലാസയാത്രയിൽ ഏർപ്പെട്ടിരിക്കുന്നതിനെ അത് അനുസ്മരിപ്പിച്ചു  . ആ സമയത്ത് രാഘവ് പണ്ഡിതൻ ആഗതനായി, അവിടെ നിത്യാനന്ദ പ്രഭു പ്രസാദം ആസ്വദിക്കുന്നത്  കണ്ട്, താൻ പ്രഭുവിനായി ഉച്ചയ്കുളള പ്രസാദം തയ്യാറാക്കിയതായി അറിയിച്ചു, അത് വൈകുന്നേരം വന്ന് സ്വീകരിക്കാമെന്ന് അവിടുന്ന് അതിന്  മറുപടി നൽകി, കാരണം അവിടുന്ന് ആ അവസരത്തിൽ ഒരു ഗോപാലകൻ്റെ മാനസികാവസ്ഥയിൽ ആയിരുന്നു, അവിടുന്ന് തന്റെ ലീലകൾ സുഹൃത്തുക്കളോടൊപ്പം ആസ്വദിക്കുകയായിരുന്നു, കൂടാതെ അവിടുന്ന് രാഘവ പണ്ഡിതനെ അടുത്ത് ഇരുത്തി അദ്ദേഹത്തോടൊപ്പം പ്രസാദം കഴിക്കുകയും ചെയ്തു.


രഘുനാഥൻ ദാസൻ പ്രസാദം വിതരണം ചെയ്തതിൽ നിത്യാനന്ദ പ്രഭു പരിപൂർണ്ണ സംതൃപ്തനായി, അതിനുശേഷം നിത്യാനന്ദ പ്രഭുവിന് സുഗന്ധമുള്ള മാലയും ചന്ദനവും നൽകുകയും അത് അദ്ദേഹം സ്വീകരിക്കകയും ചെയ്തു, മിച്ചമുളളത് മറ്റ് ഭക്തർക്കിടയിൽ വിതരണം ചെയ്തു. നിത്യാനന്ദപ്രഭു ആസ്വദിച്ച പ്രസാദത്തിൻ്റെ മിച്ചമുള്ളവ, മറ്റു ഭക്തർക്കും രഘുനാഥ ദാസനും കൂട്ടാളികൾക്കും ഇടയിൽ വിതരണം ചെയ്തു. ഈ രീതിയിൽ നിത്യാനന്ദ പ്രഭു, രഘുനാഥ ദാസനെ അനുഗ്രഹിക്കുയും,  അദ്ദേഹത്തിന്മേൽ കാരുണ്യ വർഷം  ചൊരിയുകയും ചെയ്തു, അതുകൊണ്ടാണ് താമസിയാതെ തന്നെ രഘുനാഥ് ദാസിന് വീട് വിട്ട് മഹാപ്രഭുവിനൊപ്പം ചേരാനും ജഗന്നാഥ് പുരിയിലെ അദ്ദേഹത്തിൻറെ വിനോദങ്ങളിൽ പങ്കെടുക്കാനും സാധിച്ചത്.


നിത്യാനന്ദ പ്രഭുവിന്റെ രഘുനാഥ ദാസനോടുളള കാരുണ്യം അനുസ്മരിച്ച് ഈ ഉത്സവം ആഘോഷിക്കുമ്പോൾ, നമ്മൾ, ശ്രീ  ചൈതന്യ മഹാപ്രഭുവിന്റെ പാദപത്മങ്ങളിൽ  സേവനം ചെയ്യന്നതിന്, നിത്യാനന്ദ പ്രഭു നമ്മളെ അനുഗ്രഹിക്കുകയും കരുണ ചൊരിയുകയും ചെയ്യണമെന്ന് പ്രാർത്ഥിക്കണം. നിത്യാനന്ദ പ്രഭുവിന്റെ സ്വത്തായ ശ്രീ ചൈതന്യ മഹാപ്രഭുവിനെ സേവിക്കുന്നതിന്, ആദ്യം നിത്യാനന്ദ പ്രഭുവിനെ സമീപിക്കാതെയും  അദ്ദേഹത്തിൻ്റെ ദിവ്യമായതും, കുളിർമയുളളതുമായ പാദപങ്കജങ്ങളിൽ   സ്വയം കീഴടങ്ങാതെയും നേരിട്ട് നേടാൻ സാധിക്കുകയില്ല.



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆




വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆






വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more