പ്രീയപ്പെട്ടവരുടെ മരണം


നിങ്ങളുടെ പ്രശ്നങ്ങൾക്ക് 

ഭഗവദ്ഗീതയിൽ നിന്ന് ശാശ്വതമായ പരിഹാരം

 

പ്രീയപ്പെട്ടവരുടെ മരണം

***********************************

 ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം 

അദ്ധ്യായം രണ്ട് / / ശ്ലോകം 13

*************************************************

 

ദേഹിനോഽസ്മിൻ  യഥാ ദേഹേ കൗമാരം യൗവ്വനം ജരാ

  തഥാ ദേഹാന്തരപ്രാപ്തിർധീരസ്ത്ര ന മുഹ്യതി.

 

 ശരീരസ്ഥനായ ആത്മാവ് ബാല്യത്തിൽ നിന്ന് യൗവ്വനത്തിലേയ്ക്കും പിന്നെ വാർദ്ധക്യത്തിലേയ്ക്കും കടക്കുന്നതുപോലെ മരണശേഷം മറ്റൊരു ശരീരത്തിലേയ്ക്ക് പ്രവേശിക്കുന്നു.  സമചിത്ത നായ ഒരാൾക്ക് ഈ പരിണാമത്തെപ്പറ്റി സംഭ്രമമുണ്ടാവില്ല.

 

ഭാവാർത്ഥം:

  ഓരോ ജീവസത്തയും ഓരോ വ്യക്തിഗതജീവാത്മാവാകയാൽ നിമിഷംതോറും ശരീരം രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു. ചിലപ്പോൾ കുട്ടിയായിട്ടും, യുവാവായിട്ടും, വൃദ്ധനായിട്ടും കാണപ്പെടുന്നു. എന്നാൽ ആത്മാവ് മാറ്റമില്ലാതെ നിലകൊള്ളുന്നു. ഈ ജീവാത്മാവ് മരണാനന്തരം പുതിയൊരു ശരീരമെടുക്കുന്നു. അടുത്ത ജന്മത്തിൽ അതിന് തീർച്ചയായും ആത്മീയമോ ഭൗതികമോ ആയ മറ്റൊരു ശരീരം ഉണ്ടാകും. അങ്ങനെയിരിക്കെ, അത്രയധികം ഉത്കണ്ഠ കൊള്ളുന്ന ഭീഷ്മശ്രേദാണാദികളുടെ മരണത്തെച്ചൊല്ലി അർജുനൻ വിലപിക്കേണ്ടതില്ല. മറിച്ച്, പഴകിപ്പോയ ശരീരങ്ങൾക്ക് പകരം പുതു ചൈതന്യമുൾക്കൊളളുന്നവയെ അവർക്ക് സ്വീകരിക്കാൻ കഴിയു മെന്നതിൽ സന്തോഷിക്കുകയാണ് വേണ്ടത്. ഈ ജന്മത്തിൽ ചെയ്തിട്ടുള്ള കർമ്മങ്ങൾക്കനുയോജ്യമായി വിവിധ സുഖഭോഗങ്ങളും ക്ലേശങ്ങളും അനുഭവിക്കാനിടതരുന്നു ഇത്തരം ദേഹാന്തരപ്രാപ്തികൾ. ഒന്നുകിൽ ഭീഷ്മർക്കും ദ്രോണർക്കും അവർ മഹാന്മാരായതുകൊണ്ട് അടുത്ത ജന്മത്തിൽ ആത്മീയമായ ശരീരം ലഭിക്കും. അല്ലെങ്കിൽ ഉപരിലോകങ്ങളിൽ ഉത്കൃഷ്ടമായ ഭൗതിക സുഖങ്ങൾ ആസ്വദിക്കുന്നതിനുതകുന്ന ശരീരമെങ്കിലും ലഭിക്കും. എങ്ങനെയായാലും ദുഃഖിക്കാനില്ല.

 

  ജീവാത്മാവ്, പരമാത്മാവ്, ഭൗതികപ്രകൃതി, ആത്മീയപ്രകൃതി എന്നിവയുടെ വ്യവസ്ഥയെക്കുറിച്ച് പൂർണ്ണമായ അറിവു നേടിയ വ്യക്തിയെ ധീരൻ അഥവാ സമചിത്തതയുള്ള ആൾ എന്നു പറയാം. അങ്ങനെയുള്ള ഒരാൾക്ക് ശരീരപരിണാമങ്ങളെപ്പറ്റി വ്യാമോഹമുണ്ടാവില്ല.

 

  ജീവാത്മാവിനെ തുണ്ടുകളാക്കി വിഭജിക്കാൻ സാദ്ധ്യമല്ല എന്ന കാരണത്താൽ അതിനെക്കുറിച്ചുള്ള മായാവാദികളുടെ അദ്വൈത സിദ്ധാന്തം സ്വീകാര്യമല്ല. ജീവവ്യക്തികളെ വിഭജിച്ചെടുക്കുന്നത് പരമാത്മാവിന് തന്നെ പരിണാമം ആരോപിക്കലാവും. ഇത്, പരമാത്മാവ് പരിണാമത്തിന് വിധേയമല്ലാത്തതാണെന്ന തത്ത്വത്തിന് വിരുദ്ധമാകുന്നു. ഗീത പ്രഖ്യാപിക്കുന്നതുപോലെ, പരമസത്തയുടെ അംശങ്ങൾ ശാശ്വതങ്ങളത്രേ. ഭൗതികപ്രകൃതിയിലേയ്ക്ക് താഴാൻ പ്രവണത യുള്ളതുകൊണ്ട് അവയെ 'ക്ഷരങ്ങൾ' എന്ന് വിളിക്കുന്നു. ഈ അംശങ്ങൾ എന്നെന്നും, മുക്തിക്കുശേഷവും വ്യക്തിഭാവത്തോടെ തന്നെയിരിക്കും. പരമദിവ്യോത്തമപുരുഷനോടുകൂടി ജ്ഞാനവും  ആനന്ദവും തികഞ്ഞ ശാശ്വത ജീവിതമായിരിക്കും അതിനുശേഷം അവരുടേത്. എല്ലാ ശരീരത്തിലും കുടികൊള്ളുന്ന പരമാത്മാവിനെ പ്രതിഫലനസിദ്ധാന്തം വഴി വിവരിക്കാം. അദ്ദേഹം ജീവാത്മാവിൽ നിന്നും വ്യത്യസ്തനാണ്. വെള്ളത്തിൽ കാണുന്ന ആകാശത്തിന്റെ പ്രതിബിംബം സൂര്യചന്ദ്രന്മാരേയും നക്ഷത്രങ്ങളേയുമുൾക്കൊള്ളുന്നു. നക്ഷത്രങ്ങൾ ജീവാത്മാക്കളെപ്പോലെയാണ്. പരമാത്മാവിനെയാണെങ്കിൽ സൂര്യനോടോ ചന്ദ്രനോടോ ഉപമിക്കാം. ഇവിടെ ആംശികമായ ജീവാത്മാവ് അർജുനനെ പ്രതിനിധീകരിക്കുന്നു. പരമാത്മാവ് ശ്രീകൃഷ്ണ ഭഗവാനും. അവരെ ഒരേ നിലയിൽ ഗണിക്കാൻ പാടില്ല. ഇത് നാലാമദ്ധ്യായത്തിന്റെ ആരംഭത്തിൽ വ്യക്തമാക്കുന്നുണ്ട്. അർജുനനും കൃഷ്ണനും ഒരേ നിലയാണുള്ളതെങ്കിൽ, അഥവാ കൃഷ്ണൻ അർജുനനേക്കാൾ ഉത്കൃഷ്ടനല്ലെങ്കിൽ അവരുടെ ഗുരു ശിഷ്യബന്ധത്തിന് യാതൊരർത്ഥവുമില്ല. ആ രണ്ടുപേരും മായാ മോഹിതരാണെന്നിരിക്കെ ഒരാൾ ഗുരുവും മറ്റൊരാൾ ശിഷ്യനുമാകേണ്ടതില്ലല്ലോ. മായാബദ്ധനായ ഒരാൾ ക്ക് ആധികാരികമായ ഉപദേഷ്ടാവാകാനുള്ള അർഹതയില്ല. അത്തര ത്തിലുള്ള ഉപദേശങ്ങൾ നിരർത്ഥകങ്ങളുമാണ്. ഈ പരിതഃസ്ഥിതിയിൽ സർവ്വേശ്വരനായ ശ്രീകൃഷ്ണ ഭഗവാൻ മായാമോഹത്തിൽപ്പെട്ട ജീവാത്മാവായ അർജുനനേക്കാൾ സമുത്കൃഷ്ടനാണെന്നതിൽ സംശയത്തിനിടയില്ല.


ഹരേ കൃഷ്ണ 🙏


ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .



ടെലഗ്രാം


🔆🔆🔆🔆🔆🔆🔆🔆


https://t.me/suddhabhaktimalayalam



വെബ്സൈറ്റ്


🔆🔆🔆🔆🔆🔆🔆🔆



https://suddhabhaktimalayalam.com


Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more