നിങ്ങളുടെ പ്രശ്നങ്ങൾക്ക്
ഭഗവദ്ഗീതയിൽ നിന്ന് ശാശ്വതമായ പരിഹാരം
അസുയയെ കൈകാര്യം ചെയ്യുന്ന വിധം
***********************************
ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം
അദ്ധ്യായം പതിനാറ് / ശ്ലോകം 19
*************************************************
ശ്ലോകം 19
താനേഹം ദ്വിഷതഃ ക്രൂരാൻ സംസാരേഷു നരാധമാൻ
ക്ഷിപാമ്യജസ്രമശുഭാനാസുരീഷ്വേവ യോനിഷു.
ഈർഷ്യാലുക്കളും ദുർബുദ്ധികളുമായ ഈ മനുഷ്യാധമന്മാരെ ഭൗതികജീവിത സാഗരത്തിലെ ആസുരയോനികളിൽത്തന്നെ ഞാൻ വീണ്ടും വീണ്ടും ജനിപ്പിക്കുന്നു.
ഒരു ജീവൻ ഏതു ശരീരത്തിലുൾപ്പുകുന്നുവെന്നത് ഭഗവദിച്ഛയെ ആശ്രയിച്ചിരിക്കുമെന്ന് ഈ ശ്ലോകം സ്പഷ്ടമാക്കുന്നുണ്ട്. ആസുരസ്വഭാവികൾക്ക് പരമപ്രഭുവിന്റെ പരമാധികാരത്തെ അംഗീകരിക്കാതിരിക്കാം; തന്നിഷ്ടംപോലെ പ്രവർത്തിക്കുകയുമാവാം. എന്നാൽ തന്റെ അടുത്ത ജന്മമെന്തെന്ന് തീരുമാനിക്കേണ്ടത് അയാളല്ല, ഭഗവാൻ മാത്രമാണ്. വ്യക്തിഗത ജീവാത്മാവ് മരണത്തിനുശേഷം ഒരു മാതാവിന്റെ ഗർഭാശയത്തിൽ പ്രവേശിപ്പിക്കപ്പെടുന്നുവെന്നും, അവിടെ വെച്ച് പരമോന്നതശക്തിയുടെ മേൽനോട്ടത്തിൽ പ്രത്യേകമായൊരു ശരീരം കൈക്കൊള്ളുന്നുവെന്നും ശ്രീമദ് ഭാഗവതം മൂന്നാം സ്കന്ദത്തിൽ പറയുന്നുണ്ട്. അതുകൊണ്ടാണ് ഈ ഭൗതിക ലോകത്തിൽ അനേകവിധത്തിലുള്ള ജീവഗണങ്ങളെ നാം കാണുന്നത്. മൃഗങ്ങൾ, കൊച്ചുപ്രാണികൾ, മനുഷ്യർ- ഈ ജീവികളെല്ലാം ആകസ്മികമായി ജനിക്കുകയല്ല, എല്ലാം ഉത്കൃഷ്ടശക്തിയുടെ ക്രമീകരണങ്ങളാണ്. ആസുര സ്വഭാവികൾ വീണ്ടും വീണ്ടും രാക്ഷസീയ ഗർഭങ്ങളിൽപ്പെട്ട് ഈർഷ്യാലുക്കളായ നരാധമന്മാരായി പിറക്കുന്നുവെന്ന് മുമ്പ് പറഞ്ഞുവല്ലോ. അക്കൂട്ടർ എപ്പോഴും കാമ ക്രോധ ഭരിതരും അസൂയാലുക്കളും ശുചിത്വമില്ലാത്തവരുമായിരിക്കും. വനാന്തരങ്ങളിൽ വേട്ടയാടി ജീവിക്കുന്ന പല വർഗ്ഗങ്ങളും ഇങ്ങനെ ആസുരപ്രകൃതക്കാരാണ്.
Comments
Post a Comment