കൃഷ്‌ണാവബോധത്തിൽ നവാഗതനായ ഭക്തൻ അമിതമായി ഭക്ഷിച്ചാൽ അവൻ നിപതിച്ചു പോകുന്നത് ദർശിക്കാൻ കഴിയും


തൃപതോ ഹൃഷ്ട‌ഃ സുദൃപ്‌തശ്ച കന്ദർപ്പാകൃഷ്ട‌മാനസഃ 

ന വ്യചഷ്‌ട വരാരോഹാം ഗൃഹിണീം ഗൃഹമേധിനീം


 വിവർത്തനം


വിശപ്പും ദാഹവും ശമിപ്പിച്ച് സംതൃപ്‌തനായ പുരഞ്ജന രാജാവിന് അവന്റെ ഹൃദയത്തിൽ ചില സന്തോഷങ്ങൾ അനുഭവപ്പെട്ടു. ഉന്നതമായ അവബോധത്തിലേക്ക് ഉയർത്തപ്പെടുന്നതിനുപകരം കാമദേവനാൽ വശീകരിക്കപ്പെട്ട അവൻ ഗൃഹസ്ഥ ജീവിതത്തിൽ തന്നെ സംതൃപ്‌തയാക്കിയ പത്നിയെ കണ്ടെത്താനുള്ള അഭിലാഷത്തോടെ നീങ്ങി.


ഭാവാർത്ഥം


കൃഷ്ണാവബോധത്തിൻ്റെ ഉന്നത തലങ്ങളിലേക്ക് സ്വയം ഉയർത്താൻ കാംക്ഷിക്കുന്നവർക്ക് ഈ ശ്ലോകം വളരെ അർത്ഥപൂർണമാണ്. ഒരു വ്യക്തി ആദ്ധ്യാത്മിക ഗുരുവിൽ നിന്ന് ദീക്ഷ സ്വീകരിച്ചു കഴിഞ്ഞാൽ അവൻ പിന്നീട്, അഭികാമ്യമല്ലാത്ത ഭക്ഷണം, അഥവാ മാംസാഹാരം കഴിക്കുന്നതിൽ വ്യാപൃതനാവുകയോ, മദ്യപാനത്തിലും അവിഹിത ലൈംഗികതയിലും ചൂതാട്ടത്തിലും മുഴുകുകയോ ചെയ്യില്ല. ഗോതമ്പ്, അരി, പച്ചക്കറികൾ, പഴങ്ങൾ, പാൽ, പഞ്ചസാര, പാലുൽപന്നങ്ങൾ എന്നിവകൾ സാത്വികാഹാരങ്ങളാണെന്ന് ശാസ്ത്രങ്ങളിൽ വിവരിച്ചിട്ടുണ്ട്. ചോറ്, പരിപ്പ്, ചപ്പാത്തി, പച്ചക്കറികൾ, പാൽ, പഞ്ചസാര എന്നിവ സമീകൃതാഹാരങ്ങളാണ്. പക്ഷേ, ദീക്ഷ സ്വീകരിച്ച ഒരു വ്യക്തി പ്രസാദമെന്ന പേരിൽ വളരെ ആഢംബര രീതിയിലുള്ള ആഹാരങ്ങൾ ഭക്ഷിക്കുന്നത് കാണപ്പെടാറുണ്ട്. പാപ പങ്കിലമായിരുന്ന കഴിഞ്ഞ ജീവിതം നിമിത്തം കാമദേവനാൽ ആകർഷിക്കപ്പെടുന്ന അവൻ നല്ല ആഹാരം ആർത്തിയോടെ ആവശ്യത്തിലധികം ഭക്ഷിക്കുന്നു. കൃഷ്‌ണാവബോധത്തിൽ നവാഗതനായ ഭക്തൻ അമിതമായി ഭക്ഷിച്ചാൽ അവൻ നിപതിച്ചു പോകുന്നത് ദർശിക്കാൻ കഴിയും. അവൻ പരിശുദ്ധമായ കൃഷ്‌ണാവബോധത്തിലേക്ക് ഉയർത്തപ്പെടുന്നതിനു പകരം കാമദേവനാൽ ആകൃഷ്ടനാകുന്നു. ബ്രഹ്മചാരിയെന്നുപറയപ്പെടുന്നവൻ സ്ത്രീയാൽ വികാരവാനായെന്നുവരാം, അതുപോലെ, വാനപ്രസ്ഥൻ വീണ്ടും പത്നിയുമായുള്ള ലൈംഗിക ബന്ധത്തിലേക്ക് ആകർഷിക്കപ്പെട്ടെന്നുവരാം, അല്ലെങ്കിൽ അവൻ മറ്റൊരു ഭാര്യയെ തേടിയെന്നുവരാം. വൈകാരികങ്ങളായ കാരണങ്ങളാൽ സ്വന്തം ഭാര്യയെ ഉപേക്ഷിക്കുകയും, ഭക്തന്മാരോടും ആത്മീയഗുരുവിനോടും സഹവാസത്തിലേക്ക് വരുകയും ചെയ്യാം, അവൻ. പക്ഷേ പാപപങ്കിലമായിരുന്ന പഴയ ജീവിതം മൂലം അവന് അവബോധത്തിൽ തുടരാൻ കഴിയാതാകുന്നു. കൃഷ്ണാവബോധത്തിൻ്റെ ഔന്നത്യങ്ങളിലേക്ക് ഉയർത്തപ്പെടുന്നതിനുപകരം കാമദേവനാൽ വശീകരിക്കപ്പെട്ടുപോകുന്ന അവൻ ലൈംഗികാസ്വാദനത്തിന് മറ്റൊരു ഭാര്യയെ തിരഞ്ഞു പിടിക്കുന്നു. കൃഷ്‌ണാവബോധത്തിൽ നിന്ന് ഭൗതിക ജീവിതത്തിലേക്കുള്ള നവഭക്തൻ്റെ വീഴ്ച്ച ശ്രീമദ്ഭാഗവത(1.5.17)ത്തിൽ നാരദമുനിയാൽ വിവരിക്കപ്പെട്ടിട്ടുണ്ട്.


ത്യക്ത്വാ സ്വ-ധർമം ചരണാംബുജം ഹരേർ 

ഭജൻ അപക്വോ fഥ പതേത് തതോ യദി

യത്ര ക്വ വാഭദ്രം അഭൂത് അമുഷ്യ കിം 

കോ വാർത ആപ്റ്റോ fഭജതാം സ്വ-ധർമതഃ


ഒരു നവഭക്തന് അപക്വത മൂലം കൃഷ്‌ണാവബോധ പാതയിൽ നിന്ന് പതനം സംഭവിച്ചാൽപോലും കൃഷ്‌ണനുവേണ്ടി അവൻ അനുഷ്‌ഠിച്ച സേവനം വൃഥാവിലാകുന്നില്ലെന്ന് ഇത് സൂചിപ്പിക്കുന്നു. എങ്ങനെതന്നെയായാലും ഒരു വ്യക്തി അവൻ്റെ കുടുംബ കർത്തവ്യങ്ങളിൽ, അല്ലെങ്കിൽ സാമൂഹികവും കുടുംബപരവുമായ കടപ്പാടുകളിൽ ഉറച്ചു നിൽക്കുകയും, കൃഷ്ണാവബോധം സ്വീകരിക്കാതിരിക്കുകയും ചെയ്‌താൽ അവന് യാതൊരു പ്രയോജനവുമുണ്ടാകില്ല. കൃഷ്‌ണാവബോധത്തിലേക്ക് വരുന്ന ഒരുവൻ വളരെ ജാഗ്രതയുള്ളവനും, നിരോധിത കർമങ്ങളിൽ നിന്നു വിട്ടു നിൽക്കുന്നവനുമായിരിക്കണം, രൂപഗോസ്വാമി അദ്ദേഹത്തിൻ്റെ ഉപദേശാമൃതത്തിൽ നിർവചിച്ചിട്ടുള്ളതുപോലെ.


അത്യാഹാരഃ പ്രയാസശ് ച 

പ്രജൽപോ നിയമാഗ്രഹഃ 

ജന-സംഗശ് ച ലൗല്യം ച 

ഷഡ്‌ഭിർ ഭക്തിർ വിനശ്യതി


നവഭക്തൻ അമിതമായി ഭക്ഷിക്കുകയോ, ആവശ്യത്തിലേറെ ധനം സമ്പാദിക്കുകയോ ചെയ്യരുത്. അമിതമായി ഭക്ഷിക്കുന്നതിനെയും, സമ്പാദിക്കുന്നതിനെയും അത്യാഹാര എന്നുവിളിക്കുന്നു. അത്തരം അത്യാഹാരത്തിനു വേണ്ടി അമിതമായി അദ്ധ്വാനിക്കേണ്ടിവരുന്നു. ഇതിനെ പ്രയാസ എന്നുവിളിക്കുന്നു. ഉപരിപ്ളവമായി ഒരുവൻ നിയമങ്ങളും ക്രമങ്ങളും വളരെ വിശ്വാസപൂർവം പാലിക്കുന്നതായി കാണപ്പെട്ടേക്കാമെങ്കിലും, അവന് ക്രമീകൃത തത്ത്വങ്ങളിൽ ഉറപ്പുണ്ടാവില്ല. ഇത് നിയമാഗ്രഹ എന്നു വിളിക്കപ്പെടുന്നു. അനഭികാമ്യരായ വ്യക്തികളോട്, ജനസംഗങ്ങളോട് സമ്മിശ്രപ്പെടുന്നതുമൂലം ഒരുവൻ കാമാന്ധതയാലും ദുരാഗ്രഹത്താലും കളങ്കപ്പെടുകയും ഭക്തിയുതസേവന പാതയിൽ നിന്ന് വീണു പോവുകയും ചെയ്യുന്നു.


ശ്രീമദ് ഭാഗവതം 4-26-13


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ 

രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 





Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more